2009, മാർച്ച് 17, ചൊവ്വാഴ്ച

മോഷണം രണ്ട്.. ചിത്രം - ബോയിംഗ് ബോയിംഗ് സംവിധാനം..പ്രിയദർശൻ..

ഒട്ടു മിക്ക മലയാളികളെയും പോലെ (ചുരുങ്ങിയത് ഞാനെങ്കിലും) പ്രിയദർശനും ഹോളിവുഡ് ചിത്രങ്ങളോടുള്ള ആരാധന അത്ര വല്യ രഹസ്യം ഒന്നുമല്ലല്ലോ. പിന്നെ വെല്ലപ്പോഴും അങ്ങേർ ഇംഗ്ലീഷ് പടം പിടിക്കുന്നോരെ ചീത്ത വിളിക്കുകയും, ആ പടങ്ങളെല്ലാം ഇന്ത്യൻ സംവിധായകർ ചെയ്താൽ കൂടുതൽ നന്നായേനെ എന്നൊക്കെ പറയുകയും ചെയ്തെന്നു വരും. അതൊക്കെ അദ്ദേഹത്തിന്റെ എളിമകൊണ്ടു ചെയ്യുന്നതാണ്. അല്ലെങ്കിൽ തന്നെ നോക്കൂ നമ്മളെല്ലാം സർവമാന ഇംഗ്ലീഷ് പടങ്ങളും കണ്ട്, ചുമ്മാ അന്തവും കുന്തവുമില്ലാതെ അതുമിതും പറഞ്ഞു നടക്കും. അദ്ദേഹമോ ഒരമാന്തവും കൂടാതെ ഒള്ള ഇംഗ്ലീഷെല്ലാം മലയാളത്തിലേക്കു തർജ്ജിമ ചെയ്തു പ്രൊഡ്യൂസെർ, മോഹൻലാൽ, മൈക്, ആക്ഷൻ, കട്ട്, എന്നു വേണ്ട ഡാൻസു കളിക്കാൻ കാക്കതൊള്ളായിരം ജൂണിയർ ആർട്ടിസ്റ്റുകളെ വരെ കണ്ടുപിടിച്ചു ഇംഗ്ലീഷ് അറിയാത്ത പാവം കോലുനാരായണന്മാർക്കായി മലയാളത്തിൽ പടം പിടിക്കും. ഇനിയും അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യരുത്.

അദ്ദേഹം തന്റെ സിനിമാജീവിതത്തിന്റെ തുടക്കത്തിൽ മലയാളികൾക്കായി ചെയ്ത ഒരുമഹാകാര്യം തന്നെ നോക്കൂ. അതെ ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തേക്കുറിച്ചു തന്നെയാണു പറഞ്ഞുവരുന്നത്. ബോയിംഗ്(707) ബോയിംഗ് (707) എന്ന ആരും കാണാതെ പോകുമായിരുന്ന ഒരു ഇംഗ്ലീഷ് പടം തപ്പി കണ്ടുപിടിച്ചു മലയാളികൾക്കായി. പേരടക്കം അടിച്ചുമാറ്റാനുള്ള ചങ്കൂറ്റമോ എന്നു ചില ദോഷൈകദ്യുക്കുകൾ അൽഭുതം കൊണ്ടേക്കാം. എന്നാൽ ഇതെല്ലാം അദ്ദേഹം മലയാളികൾക്കായി ചെയ്യുന്ന മഹാത്യാഗമാണെന്നാർക്കണറിയാത്തത്.


ബോയിംഗ് ബോയിംഗ് (1985)
സംവിധാനം - പ്രിയദർശൻ
രചന - പ്രിയദർശൻ,ശ്രീനിവാസൻ(ഡയലോഗ് മാത്രം എന്നുവെച്ചാൽ കഥ പ്രിയന്റെ സ്വന്തം)
പ്രധാന അഭിനേതാക്കൾ -
മോഹൻലാൽ - ശ്യാം
മുകേഷ് - അനിൽകുമാർ
സുകുമാരി - ഡിക്കമ്മായി
പിന്നെ കാക്കതൊള്ളായിരം മറ്റു നടീ നടന്മാരും(ഇതിനു മാറ്റം അന്നും ഇന്നും മാറ്റമില്ല)

കഥാസാരം - മോഹൻലാൽ വായാടിയും പൂവാലനുമായ ഒരു ചെറുപ്പക്കാരൻ. മുറപ്പെണ്ണുമായി അയാളുടെ കല്യാണവും ഉറപ്പിച്ചിട്ടുണ്ട്. എന്നിരിക്കക്കൂടിയും പലകാര്യങ്ങളിലും അയാൾ ഒരു പരാജയമാണ്. അതു പെണ്ണുകേസ്സായിക്കൊള്ളട്ടെ, ജോലിക്കാര്യമാകട്ടെ.അങ്ങനിരിക്കെ അയാളുടെ ഭാഗ്യ നിർഭാഗ്ഗ്യങ്ങളെല്ലം മാറിമറിയുന്നു. അയാളുടെ സ്വപ്നതുല്യമായ ഒരു ജീവിതം മുൻപിലേക്കു വന്നു ചേരുന്നു. സ്ത്രീ വിഷയത്തിലാണു അങ്ങേരുടെ ഭാഗ്യങ്ങളെല്ലാം. അയാൾ ഒരേ സമയം മൂന്നു എയർഹോസ്റ്റെസ്മാരെ പ്രണയിക്കുന്നു. വിവിധ വിമാനങ്ങളുടെ പറക്കൽ സമയം മനസ്സിലാക്കുന്ന അയാൾ വിമാനങ്ങളുടെ സമയക്രമത്തിനനുസ്സരിച്ചാണു പെൺകുട്ടികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പ്രേമ നാടകത്തിൽ അയാൾ വിജയിക്കുന്നു, അതയാളെ വല്ലാതെ മത്തുപിടിപ്പിക്കുകയും ചെയ്യുന്നു.
മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രം മോഹൻലാലിന്റെ സുഹ്യുത്തും സഹജീവനക്കാരനുമാണ്.. അദ്ദേഹം എക്കാലവും അവതരിപ്പിക്കാറുള്ള കഥാപാത്രങ്ങളേപ്പോലെ ഇതും ഒരു തരികിട കഥാപത്രമാണ്.ഒരു യാത്രക്കുശേഷം അയാളും മോഹൻലാലിന്റെ വീട്ടിൽ താമസക്കാരനാകുന്നു.പിന്നീട് ഒരു പ്രിയദർശൻ ചിത്രത്തിൽ നിന്നു പ്രതീഷിക്കാവുന്നതെല്ലാം അവിടെയും സംഭവിക്കുന്നു. അപ്രതീക്ഷിതമായി വിമാനസമയങ്ങളിൽ വരുന്ന മാറ്റം മൂലം, ഇവരുടെ ജീവിതം കൂടുതൽ സങ്കീർണമാകുന്നുമുണ്ട്.ഏതായാല്ലും കുറെ കലങ്ങിമറിയലുകൽക്കു ശേഷം എല്ലാപ്രിയദർശൻ സിനിമകളും പോലെ എല്ലാം ശുഭ്പര്യവസായി ആകുന്നു. മോഹൻലാൽ മുറപെണ്ണിനടുത്തേക്കു പോകുമ്പോൾ, മുകേഷ് ഈ പെൺകുട്ടികളിലൊരാളോടു(ലിസി) അടുക്കുകയും ചെയ്യുന്നു.
സിനിമയിൽ എടുത്തു പറയേണ്ട ഒരാൾ സുകുമാരി അവതരിപ്പിക്കുന്ന ഡിക്കമ്മായി ആണ്. വിഭിന്ന സ്വഭാവങ്ങളും ശീലങ്ങളുമുള്ള മൂന്നു സ്ത്രീകളെ കൈകാര്യം ചെയ്യുന്നതിലുള്ള പെടാപാടുകൾ സുകുമാരിയുടെ കയ്യിൻ ഭദ്രം.


Boing Boing (1965)
Director - John Rich
Writer - Edward Anhalt
Marc Camoletti(Play)
Leading roles..
Tony Curtis - Bernard Lowrence (ശ്യാം)
Jerry Lewis - Robert Reed (അനിൽകുമാർ)
Thelma Ritter - Bertha (ഡിക്കമ്മായി)

അമേരിക്കൻ സംവിധായകൻ ജോൺ റിച്ച്, മാർക് കാമോലെറ്റി ന്റെ പ്രശസ്ത്മായ ഒരു നാടകത്തെ അധികരിച്ചു 65ൽ നിർമ്മിച്ച ചിത്രമായിരുന്നു ബോയിംഗ് ബോയിംഗ്. ബെർണാർഡ് ലോറൻസ് പാരീസ്സിലെ ഒരു പത്ര സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഒരു അമേരിക്കൻ പത്ര പ്രവർത്തകനാണ്. ഇയാൾ തന്റെ പ്രതിശ്രുത വധുവും ബ്രിട്ടീഷ് യുണൈറ്റഡ് എയർ ഹോസ്റ്റസ്സുമായ വിക്കി ഹോക്കിൻസുമായി ജീവിക്കുന്നു. അതോ ലുഫ്ത്താൻസാ എയർ ഹോസ്റ്റസ്സായ ജർമ്മൻ‌കാരി ലിസ് ബ്രുനറോ. അപ്പോൾ എയർ ഫ്രാൻസ് എയർ ഹോസ്റ്റസ്സായ ഫ്രെഞ്ചു‌കാരി ജാക്‌ലീൻ ഗ്രീക്സ് ആരാണ്.ഇതു തന്നെയാണു കഥ. ചുരുക്കം പറഞ്ഞാൽ വിമാനങ്ങളുടെ സമയക്രമത്തിനനുസ്സരിച്ചു ഇയാൾ മൂന്നു സുന്ദരിമാരെ വലയിലാക്കുന്നു.ഇവർ മൂവരും ഇയാളൊടൊപ്പം കഴിയുന്നതു ഒരേ അപ്പാർട്മെന്റിലാണ്. എന്നാൽ ഇവർ പരസ്പരം കാണുകയോ,അറിയുകയോ ചെയ്യുന്നില്ല. ബെർണാഡിനെ ഇങ്ങനെ മൂന്നു വിഭിന്ന സാഹചര്യങ്ങളിൽ ജീവിക്കാൻ സഹായിക്കുന്നതദ്ദേഹത്തിന്റെ ഹൌസ് മെയിഡ് ബെർത്തയാണ്. അങ്ങനെയിരിക്കെ അയാളുടെ കൂട്ടുകാരൻ റൊബർട്ട് അയാളുടെ കൂടെ കൂടുന്നു. കൂട്ടുകാരന്റെ ചുറ്റിക്കളികളറിയുന്ന റോബർട്ടിനും കലക്ക വെള്ളത്തിൽ മീൻ പിടിച്ചാൽ കൊള്ളാമെന്നു തോന്നുന്നു. അങ്ങനെയിരിക്കെ എല്ലാം കലങ്ങിമറിയുന്നു. വിമാനങ്ങളുടെ സമയക്രമം മാറുന്നു, കാമുകിമാരുടെയും. പിന്നീടുണ്ടാകുന്ന നാടകങ്ങളെല്ലാം ഭംഗിയായി അവതരിപ്പിച്ചിരിക്ക്കുന്നു സംവിധായകൻ.
ഈ ഒരു സീൻ കണ്ടു നോക്കൂ. എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ. നല്ല ചോദ്യം അല്ലേ..

2009, മാർച്ച് 16, തിങ്കളാഴ്‌ച

മോഷണം ഒന്ന്.. ചിത്രം -വെട്ടം സംവിധാനം..പ്രിയദർശൻ..

സ്ലം ഡോഗ് മില്ല്യനയർ എന്ന ചലചിത്രത്തെക്കുറിച്ചുള്ള ചില ചർച്ചകളും, പ്രശസ്ത സംവിധായകൻ പ്രിയദർശന്റേതായി വന്ന ചില പ്രസ്താവനകളുമാണിങ്ങനൊരു പോസ്റ്റിനാധാരം.സ്ലം ഡോഗിനേക്കുറിച്ചിനിയൊരു ചർച്ചക്കുകൂടി ഞാൻ മുതിരുന്നില്ല. പ്രിയദർശൻ സ്ലം ഡൊഗിനെ വിമർശ്ശിക്കുന്നതു കണ്ട എന്റെ ഒരു കൂട്ടുകാരൻ ചോദിച്ചത്, സായിപ്പന്മാരെല്ലാം ഇന്ത്യയിൽ വന്നു പടം പിടിച്ചാൽ അങ്ങേരിനി കഥയും തപ്പി വെല്ല ആഫ്രിക്കക്കും വണ്ടി പിടിക്കേണ്ടിവരില്ലേയെന്നാണ്. മലയാളത്തിലെ എത്ര പടങ്ങൾ ഇംഗ്ലീഷിൽ നിന്നോ മറ്റു ഭാക്ഷാചിത്രങ്ങളിൽ നിന്നോ അടിച്ചുമാറ്റുന്നതാണ്..നമ്മുക്കു നോക്കാം. പ്രിയദർശനിൽ നിന്നു തന്നെ തുടങ്ങാം.(എന്നു വച്ചാൽ അങ്ങേരു അടിച്ചുമാറ്റാത്ത പടം വല്ലതുമുണ്ടോയെന്നു നോക്കാം). പ്രിയദർശന്റേതായി അവസാനം മലയാളത്തിൽ വന്ന ചിത്രം വെട്ടമാണ്. അതിനാൽ വെട്ടത്തിൽനിന്നും തന്നെ തുടങ്ങാം.ഈ പടം ഇറങ്ങിയപ്പോതന്നെയുണ്ടായ ഒരാരോപണം ഇതൊരു ഹിന്ദി പടത്തിൽനിന്നും(Pyar tho hona hi tha) കടമെടുത്തതാണെന്നായിരുന്നു.പിന്നെ മറ്റു ചില അന്യഭാഷാചിത്രങ്ങളുടെയും പേരു കേട്ടു. പ്രിയന്റെ പഴേ ചിത്രങ്ങളെല്ലാം കണ്ടവർ ഇതു വിശ്വസ്സിക്കാനോ.. അങ്ങേരിത്ര തരം താഴുമെന്നോ. അതു ചുമ്മാ.. അപ്പൊ ഏതായിരിക്കും ഒറിജിനൽ സാധനം. എന്താ സംശയം. ഫ്രെഞ്ച് കിസ്സ്.ആരും ഉമ്മ കൊടുത്ത കണക്കൊന്നുമല്ലാ, ഫ്രെഞ്ച് കിസ്സ് എന്ന 95ൽ ഇറങ്ങിയ ഹോളിവുഡ് പടത്തിന്റെ കാര്യമാണു പറഞ്ഞു വരുന്നത്. ആസ് യൂഷ്വൽ പ്രിയനതാണടിച്ചു മാറ്റിയത്. ഹൊ മലയാളിയുടെ മാനം രക്ഷപെട്ടു..

വെട്ടം (2004)
സംവിധാനം - പ്രിയദർശൻ
രചന - പ്രിയദർശൻ,സിബി കെ തോമസ്
പ്രധാന അഭിനേതാക്കൾ -
ദിലീപ് - കള്ളൻ അഥവാ നായകൻ
ഭാവന പുരി - നായിക
രാധാരവി - പോലീസ്
പിന്നെ കാക്കതൊള്ളായിരം മറ്റു നടീ നടന്മാരും

കഥാസാരം - ദിലീപ് ൻഒരു ചെറുകിട കള്ളനാണ് (ചെറുകിട കള്ളൻ എന്നു പറഞ്ഞതിന് തല്ലാൻ വരാൻ സാധ്യതയുള്ള ദിലീപ് ഫാൻസിനുവേണ്ടി മാത്രം ഒരു മുട്ടൻ കള്ളൻ). ഭാവന പുരി ആരുടെയോ ഒരു കാമുകിയും..ഇരുവരും ഒരേ വിമാനത്തിൽ യാത്ര ചെയ്യാൻ ഇടയാവുന്നു..ദിലീപിന്റെ ഉദ്ദേശ്യം വിലകൂടിയ ഒരു നെക്ലേസ് കടത്തുകയാണ്.ഭാവന പുരിക്ക് തന്റെ കാമുകനെ കണ്ടെത്തുകയും..ഭാവന പുരി ധനാഡ്യയും സുന്ദരിയും മൊഡേണും (ഏതൊ ഫാഷൻ റാമ്പിൽനിന്നും എറങ്ങിവന്ന പരുവം) ആണെങ്കിലും വിമാനത്തിൽ കേറുന്നതാദ്യം (കൊച്ചുത്രേസ്സ്യ പരുവമെന്നർത്ഥം). വിമാനത്തിലെ പെരുമാറ്റചട്ടങ്ങളൊന്നുമറിയാത്ത പാവത്തിനെക്കൊണ്ടു ദിലീപ് ചെയ്യിക്കുന്ന ക്രൂരതകൾ കണ്ടാൽ ചിരിച്ചു ചിരിച്ചു മണ്ണുകപ്പും. എന്തൊക്കെയായലും ദിലീപ് തന്റെ കയ്യിലുള്ള വിലപ്പെട്ട നെക്ലേസ്, ഭാവന പുരിയുടെ ബാഗിലിടുന്നു..കാരണം രാധാരവിയുടെ പോലീസ് അദ്ദേഹത്തിന്റെ പുറകേയുണ്ടല്ലോ..ഈ രാധാരവിക്കാവട്ടെ ദിലീപിനോടു പഴയ ഒരു കടപ്പാടിന്റെ കഥയും പറയാനുണ്ട്. എന്നാലും പോലീസ് പോലീസാണല്ലോ..
ചുരുക്കി പറഞ്ഞാൽ എല്ലാ പ്രിയദർശൻ സിനിമയിലേയുമ്പോലെ ഇതിലും എല്ലാം ചള കുളമാകുന്നു. ചക്ക പോലെ കുഴയുന്നു..പെണ്ണിന്റെ ബാഗിലിട്ട നെക്ലേസ്സും കൊണ്ടാമ്പിള്ളേർ പോകുന്നു. പെണ്ണുകെട്ടാൻ പോകുന്ന പയ്യൻസ് വേറെ പെണ്ണിന്റെ പൊറകെ പോകുന്നു..ഇതിനിടയിൽ ദിലീപിന്റെ നായകൻ നായികയുമായി തെറ്റുന്നു, ഉടക്കുന്നു, അങ്ങോട്ടും ഇങ്ങോട്ടും തെറിവിളിക്കുന്നു. നായിക നോൺസ്റ്റോപ്പായി (സിനിമയുടെ തുറക്കം മുതൽ ഒടുക്കം വരെ) എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇതെഴുതാനായിരിക്കുമല്ലോ, സിബി കെ തോമസ്സിനു കാശ്ശു കൊടുത്തുണ്ടാവുക..(പാവം ഡബ്ബിംഗ് ആർട്ടിസ്റ്റിന്റെ കാര്യം ഓർത്തപ്പോൾ തമാശപടമായിട്ടു പോലും കരച്ചിൽ വന്നു). നായിക കാമുകനെ തപ്പി ഹൊട്ടേലിൽ എത്തുന്നു..എന്തൊക്കെയോ സംഭവിക്കുന്നു. നായിക ബോധം കെടുന്നു. പിന്നേം എന്തൊക്കെയോ സംഭവിക്കുന്നു. കൺഫ്യൂഷൻ, കൺഫ്യൂഷൻ, കൺഫ്യൂഷൻ. ഇതിനിടയിൽ നൂറോളം സിനിമാതാരങ്ങൾ വന്നു നിറയുന്നു.(മലയാളത്തിൽ ഇത്രേം താരങ്ങളുണ്ടെന്നറിയുന്നതിപ്പോൾ..!)വീണ്ടും കൺഫ്യൂഷൻ, കൺഫ്യൂഷൻ, കൺഫ്യൂഷൻ.
അവസാനം എല്ലാം കലങ്ങി തെളിയുന്നു.. എന്നു വെച്ചാൽ, പടം തീരുന്നു, പ്രേക്ഷകൻ രക്ഷപെടുന്നു..

ഇനി ഒർജിനൽ സാധനം..



French Kiss (1995)
Director - Lawrence Kasdan
Writer - Adam Brooks
Leading roles..
Kevin Kline - കള്ളൻ അഥവാ നായകൻ
Meg Ryan - നായിക
Jean Reno - പോലീസ്
Plot summary അഥവാ കഥാസാരം -

നായികക്കും കാമുകനും ശോഭനീയമായ ഒരു ജീവിതം മുന്നിലുണ്ട്. സ്വന്തമായി ഒരു വീടു വാങ്ങുക, കല്യാണം, കുട്ടികൾ അങ്ങനെ അങ്ങനെ..അങ്ങനെയിരിക്കെ കാമുകനു ഒരു മെഡിക്കൽ കൻ‌വെൻഷനായി പാരീസിൽ പോകേണ്ടതായി വരുന്നു. എന്നാൽ വിമാനയാത്രാഭീതിമൂലം നായിക കാനഡയിൽ തന്നെ തങ്ങുന്നു.എന്നാൽ നായകനവിടെ ഒരു സുന്ദരി പെണ്ണിന്റെ പുറകേകൂടുന്നു. ഇതറിഞ്ഞ നായിക പേടിയെല്ലാം മാറ്റിവെച്ചു കാമുകനെ തപ്പി ഇറങ്ങുന്നു. വിമാനത്തിൽ തൊട്ടാടുത്തിതാഇരിക്കുന്നു നമ്മുടെ നായകൻ അഥവാ കൊച്ചു കള്ളൻ. ലവൻ ഒടക്കുന്നു, ഡയലോഗുകൾ കാച്ചുന്നു, പിന്നെ അറിയാതെ ഒരു നെക്ലേസ് അയമ്മയുടെ ബാഗിലിടുന്നു (കൂട്ടത്തിൽ ഒരു കുപ്പി മുന്തിരി വൈനും). കസ്റ്റംസ് കാരെ പറ്റിക്കുകയാണുദ്ദേശ്യം. കാരണം പോലീസ് പിന്നാലെയുണ്ടല്ലോ..ഏതായാലും നെക്ലേസ്സും കൊണ്ടാമ്പിള്ളേർ പോകുന്നു. കൻഫ്യൂഷൻ, നായികയുടെ ബോധം കെടൽ, ഇതെല്ലാം ഇതിനിടക്കു നടക്കുന്നുണ്ട്.ഇതിനിടക്കു ഒരു ചതുർക്കോണ പ്രേമവും അരങ്ങേറുന്നു. നായികക്കു കാമുകനോടു പ്രേമം. കാമുകനു പുതിയ പെണ്ണീനോടു പ്രേമം. പുതിയ പെണ്ണിനു കള്ളനോടു പ്രേമം. കള്ളനു നായികയോടു പ്രേമം. (ഇത്രെം കൻഫ്യൂഷനുള്ള ഒരു പടം ഇറങ്ങിയാൽ പിന്നെ നമ്മുടെ പ്രിയനതു വെറുതെ വിടുമോ..കൊള്ളാം.) അവസാനം എല്ലാം കലങ്ങിത്തെളിയുന്നു.
നടീ നടന്മാരുടേ മിതമായ അഭിനയം, മികച്ച ചിത്രീകരണ രീതി ഇതെല്ലാം മാറ്റി വച്ചാൽ നമ്മുടെ പ്രിയേട്ടനുവേണ്ടി മാത്രം സായിപ്പു പിടിച്ചതാണൊ ഈ പടം എന്നു ആരെങ്കിലും ചിന്തിച്ചുപോയാൽ കുറ്റം പറയാൻ പറ്റില്ല. ഇംഗ്ലീഷ് പടത്തിലെ സായിപ്പിനു കാനഡയിൽനിന്നും പാരീസിൽ പോകാൻ വിമാനം പിടിക്കണം. എമിഗ്രേഷൻ, കസ്റ്റംസ് എല്ലാം താണ്ടുകയും വേണം. നമ്മുടെ താരങ്ങൾക്കു വേണേൽ ഒരു ഓട്ടോ പിടിച്ചപ്പോരായിരുന്നോ എന്നു ഞാൻ വെറുതെ ചോദിച്ചാൽ ആരും തല്ലാൻ വരരുത്. ഏതായലും പ്രിയന്റെ പടം ഗംഭീരമായിരുന്നു. നിർമ്മാതാവിന്റെ ഗതി എന്തായോ ആവോ..


ഇനി ഈ പടത്തിന്റേതായി വന്ന ഒരു കുറിപ്പ് അഥവാ മറ്റൊരു തമാശ..പ്രിയദർശന്റെ പടങ്ങൾക്കെല്ലാം മറ്റു ഭാഷയിലും മാർകറ്റ് ഉണ്ടാകുമല്ലോ. മിക്ക പടങ്ങളും ഹിന്ദിയിൽ റീമേക് ചെയ്യുന്നതദ്ദേഹത്തിന്റെ ഒരു വിനോദമാണുതാനും. ഏതായാലും ഈ പടത്തിന്റെ നിർമാണാവകാശം, അയൽ സംസ്ഥാനങ്ങൾക്കു വിൽക്കാൻ അങ്ങേർ തീരുമാനിക്കുന്നു. പെട്ടി നിറയെ കാശുമായി ഒരു തെലുംഗു നിർമ്മതാവെത്തുന്നു. പടം കാണുന്നു. കണ്ടുവരുമ്പോൾ അങ്ങേരു തന്നെ നിർമ്മിച്ച ഒരു തെലുംഗു ചിത്രം ഓർമവരുന്നു. പ്രിയദർശനെ തെറി വിളിക്കുന്നു.കേസുകൊടുക്കുമെന്നു ഭീക്ഷണിപെടുത്തുന്നു. പ്രിയൻ ചിരിക്കുന്നു. സിഡി പ്ലെയറിൽ “Pyar tho hona hi tha“ എന്ന അജയ് ദേവഗണും കാജോളും അഭിനയിച്ച പടം ഇടുന്നു. തെലുങ്കൻ ചമ്മുന്നു. എല്ലാവരും കൈകൊടുത്തു പിരിയുന്നു. ശുഭം..ഇനി ഹിന്ദി പടം പിടിച്ചോരു കേസുംകൊണ്ടുവന്നിരുന്നെങ്കിൽ പ്രിയൻ സാബ് എന്തു ചെയ്തേനെ ..എന്തു ചെയ്യാൻ രണ്ടു കൂട്ടരും കൂടി ഈ ഇംഗ്ലീഷ് പടം മുഴുവൻ കണ്ട്, പ്രിയന്റെ കയ്യീന്നു മൂന്നാലൂ സിഡിയും വാങ്ങി വണ്ടി വിട്ടേനെ.
ചുരുക്കി പറഞ്ഞാൽ പ്രിയന്റെ പടം ഒരൊന്നൊന്നര പടമാണു. അതു വെറും വെട്ടവുമല്ല വട്ടവുമല്ല ഒരൊന്നാന്തരൻ വെട്ടാണു ചേട്ടാ..

ഇനി ഈരണ്ടു പടത്തിലെയും ഒരോ സീൻ കണ്ടു നോക്കൂ..
ആദ്യം വെട്ടം


ഇനി ഫ്രെഞ്ച്കിസ്സ് ആയലോ..

 
Email me e-mail me